ദുബായ്:ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ചാമ്പ്യൻസ് ട്രാഫിയിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി.വിരാട് കോലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യർ, ശുഭ്‌മാൻ ഗിൽ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത വിരാട് കോലി വിജയത്തിൽ നിർണായക സാന്നിധ്യമായി. ഏകദിനത്തിൽ 51-ാം സെഞ്ച്വറി നേടിയ കോലി 111 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 100 റൺസെടുത്ത് പുറത്താകാതെ നിന്നു.ഇന്ത്യയ്ക്കായി കുൽദീപ് മൂന്നും ഹാർദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അക്ഷറും ജഡേജയും ഹർഷിത് റാണയും ഓരോ വിക്കറ്റെടുത്തു.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, ഖുഷ്‌ദിൽ ഷാ എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.ശ്രദ്ധയോടെ ഇന്നിങ്സ് ആരംഭിച്ച പാകിസ്‌താന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണർമാരായ ബാബർ അസം (26 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റൺസ്), ഇമാം ഉൾ ഹഖ് (26 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു.ബാബറിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയപ്പോൾ ഇമാമിനെ അക്ഷർ പട്ടേൽ റണ്ണൗട്ടാക്കി.അവസാന ഓവറുകളിൽ 39 പന്തിൽ നിന്ന് 38 റൺസെടുത്ത ഖുൽദിൽ ഷായാണ് പാക് സ്കോർ 241-ൽ എത്തിച്ചത്.