ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം. മാലിന്യങ്ങള്‍ കൂട്ടിയിട്ട സെക്ടർ 3, 4 ഭാഗത്താണ് തീപിടിത്തം ഉണ്ടായത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വെളളിയാഴ്ച്ച ഉച്ചക്ക് 2 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തൃക്കാക്കര, പട്ടിമറ്റം എന്നിവിടങ്ങളിൽനിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.കഴിഞ്ഞവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു.
2023 മാർച്ച് രണ്ടിന് ബ്രഹ്മപുരത്ത് പടർന്നുപിടിച്ച തീ 12 ദിവസങ്ങളെടുത്താണ് അണയ്ക്കാൻ സാധിച്ചത്. മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്ന് ഉയർന്ന പുക എറണാകുളം ജില്ലയിലെ ജനജീവിതം ദുഃസഹമാക്കുകയും ചെയ്തിരുന്നു. കൊച്ചിയിൽ നിന്ന് 17 കിലോമീറ്റർ അകലെ വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരത്താണ് ഈ മാലിന്യകേന്ദ്രം. കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കർ സ്ഥലമാണിത്.തീപിടിത്തത്തിനു ശേഷം ബ്രഹ്മപുരത്തെ മാലിന്യം നീക്കം ചെയ്ത് 18 ഏക്കർ സ്ഥലം വീണ്ടെടുത്തതായി ഈ മാസമാദ്യം സ്ഥലം സന്ദർശിച്ച തദ്ദേശ മന്ത്രി എം.ബി.രാജേഷ് പറഞ്ഞിരുന്നു. ഈ മാലിന്യം നീക്കിയ സ്ഥലത്താണ് കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇത് മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.