കാക്കനാട്: സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ താമസക്കാരായ ജാർഖണ്ഡ് സ്വദേശിയായ കേന്ദ്ര ജി.എസ്.ടി അഡീഷണൽ കമ്മീഷണർ മനീഷ് വിജയിനും,മാതാവ് ശകുന്തള അഗർവാൾ,സഹോദരി ശാലിനി വിജയ് എന്നിവരുടെയും മരണം തൂങ്ങി മരണമെന്ന് പോസ്റ്റുറ്റുമാർട്ടത്തിലെ പ്രാഥമിക വിവരം. മൂന്നു പേരുടെയും മരണത്തിന് സമയ വ്യത്യാസമുണ്ട്. മാതാവ് ശകുന്തള അഗർവാൾ മരിച്ചതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് മനീഷും, ശാലിനിയും തൂങ്ങി മരിച്ചത്.അമ്മയുടെ മരണശേഷം മൃതദേഹം കിടക്കയിൽ കിടത്തി പൂക്കൾ കൊണ്ട് പൂജകൾ ചെയ്ത് തുണിയിൽ പുതച്ച നിലയിലായിരുന്നു. ഇതിനു ശേഷമാണ് സഹോദരങ്ങൾ മരിച്ചത്. ഇന്നലെ രാവിലെ ഇളയ സഹോദരി പ്രിയ വിജയിൻ്റെ സാന്നിധ്യത്തിൽ പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കി.തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുകയായിരുന്നു.ഉച്ചക്ക് രണ്ടു മണിയോടെ ശകുന്തളാ അഗർവാളിൻ്റെ മൃതദേഹമാണ് ആംബുലൻസിൽ ആദ്യം എത്തിയത്. ആചാരപ്രകാരം ഇവരുടെ സംസ്കാരത്തിനു ശേഷം മൂന്നുമണിയോടെ മനീഷിൻ്റെയും, ശാലിനിയുടേയും മൃതദേഹങ്ങൾ ഒരുമിച്ചെത്തിക്കുകയായിരുന്നു. 3.30 സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായി. അബുദാബിയിൽ നിന്നെത്തിയ ഇളയ സഹോദരി പ്രിയവിജയ്, ഭർത്താവ് നിഥിൻഗാന്ധി എന്നിവർ അന്ത്യകർമ്മങ്ങൾക്കു സാക്ഷികളായി.മനീഷിൻ്റെ സഹപ്രവർത്തകരും എത്തിയിരുന്നു. സെൻട്രൽ എക്സൈസ് പ്രിവൻ്റീവ് കമ്മീഷണർ പത്മാവതി,ഓഡിറ്റു കമ്മീഷണർ രാജിവ് കുമാർ,സെൻട്രൽ ജി.എസ്.ടി പ്രിൻസിപ്പൽ കമ്മീഷണർ പി.ആർ. ലാക്റ, ഡി.ആർ.ഐ അഡീഷണൽ ജനറൽ ഡോ.ടി.ടിജു,തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള, നഗരസഭാ കൗൺസിലർ അഡ്വ.ഹസീന ഉമ്മർ എന്നിവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. പ്രിയ വിജയ് വെള്ളിയാഴ്ച രാത്രിയിലാണ് കൊച്ചിയിലെത്തിയത്. സഹോദരങ്ങളോടും മാതാവിനോടും അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും എല്ലാ ദിവസവും വിളിക്കുന്ന പതിവുണ്ടായിരുന്നില്ലെന്നും ജനുവരിയിലാണ് മാതാവും സഹോദരങ്ങളുമായി അവസാനം സംസാരിച്ചതെന്നും അവർ പറഞ്ഞു.