കാക്കനാട്: മാരക മയക്കുമരുന്നിനത്തിൽ ഉൾപ്പെട്ട 8.06 എംഡിഎംഎയുമായി കാക്കനാട് സ്വദേശി പഴങ്ങാട്ടുവീട്ടിൽ നിജാസി(28)നെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാടും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മയക്കു മരുന്നുമായാണ് പ്രതി പിടിയിലായത്. ഇൻഫോപാർക്ക് ഇൻസ്പെക്ടർ സജീവ് കുമാർ ജെ എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രദീപ്, ബദർ, സിവിൽ പൊലീസ് ഓഫീസർമാരായ കണ്ണൻ ബിബിൻ എന്നിവരടങ്ങുന്ന സംഘമാണ് പാടത്തിക്കര ഭാഗത്ത് വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. രാത്രി വൈകി വീട്ടിൽ നിന്നിറങ്ങുന്ന പ്രതി നൈറ്റ് കടകളും മറ്റും കേന്ദ്രീകരിച്ച് ഇടപാടുകാരെ കണ്ടെത്തുകയും വാട്സ് ആപ്പ് വഴി ഇവരുമായി ബന്ധപ്പെട്ട് പണം വാങ്ങി ഇടപാടുകൾ നടത്തുകയാണ് ചെയ്തിരുന്നത്. പ്രതിയെ കാക്കനാട് കോടതി റിമാൻറ് ചെയ്തു. ഇടപാടുകാരെയും പ്രതിക്ക് മയക്ക് മരുന്ന് വിൽപ്പന നടത്തിയ ആളുകളെയും കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.