കാക്കനാട് : പന്ത്രണ്ടാം ശമ്പളപരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണ നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിലേക്ക് നടത്തിയ ജീവനക്കാരുടെ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973 മുതൽ തുടർന്ന് വരുന്ന അഞ്ച് വർഷതത്വം പാലിച്ച് ശമ്പള പരിഷകരണം നടപ്പിലാക്കേണ്ടിയിരുന്നത് 2024ലാണെന്നും, ശമ്പള പരിഷ്കരണ നടപടികൾ ഒരു വർഷം കഴിഞ്ഞിട്ടും ആരംഭിക്കാതെ നീട്ടിക്കൊണ്ട് പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് ഭൂഷണമല്ല. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഉപരോധിക്കുമ്പോളും, തനത് വരുമാനത്തിൽ സർക്കാരിന് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സർക്കാരിൻ്റെ മുൻഗണനാക്രമങ്ങൾ പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്ഭവനുകളെ രാഷ്ട്രീയ പ്രചരണകേന്ദ്രങ്ങളാക്കി മാറ്റുന്ന കേന്ദ്രസർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, അതിനെ ചെറുക്കുമെന്നും കൂട്ടിച്ചേർത്തു. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് സതീഷ്കുമാർ റ്റി എസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി എ അനീഷ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ രാജീവ്, കെ കെ ശ്രീജേഷ്, എ കെ എസ് റ്റി യു സംസ്ഥാന കമ്മിറ്റി അംഗം എം പി രൂപേഷ്, കെ ജി ഒ എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി പ്രിയ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന സ്വാഗതവും, ജില്ലാ ട്രഷറർ സി ബ്രഹ്മഗോപാലൻ നന്ദിയും പറഞ്ഞു.