കാക്കനാട്; തൃക്കാക്ക നഗരസഭ ആസ്ഥാനത്തിനുസമീപം രാത്രിയിൽ മാലിന്യം കുഴിച്ചുമൂടാനുള്ളനീക്കം സിപിഐ എം പ്രവർത്തകർ തടഞ്ഞു. ഇവിടെ ഒരാഴ്‌ചയായി കെട്ടിക്കിടന്ന മാലിന്യം തിങ്കൾ രാത്രി ഒന്പതുമുതൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ കുഴിച്ചുമൂടുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ ആർ ജയചന്ദ്രൻ, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ എം എം സജിത്, മേഖലാ പ്രസിഡന്റ് എം എൻ ശിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ്‌ തടഞ്ഞത്‌. സ്വകാര്യ ഏജൻസി ഏതാനുംനാളുകളായി നഗരസഭയിൽനിന്ന്‌ മാലിന്യമെടുക്കുന്നില്ല. വീടുകളിൽനിന്ന്‌ ഹരിതകർമസേന എടുക്കുന്ന മാലിന്യങ്ങൾ നഗരസഭാ ആസ്ഥാനത്തോടുചേർന്ന് കൂട്ടിയിടുകയാണ്‌. രണ്ടുദിവസമായി വീടുകളിൽനിന്ന്‌ മാലിന്യം ശേഖരിക്കുന്നില്ല. മാലിന്യക്കൂമ്പാരം ചീഞ്ഞ്‌ ദുർഗന്ധം രൂക്ഷമായതോടെയാണ്‌ കുഴിച്ചുമൂടാൻ ശ്രമിച്ചത്. ജനവാസമേഖലയിൽ മാലിന്യപ്ലാന്റ്‌ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി വിധി വന്നതിനുപിന്നാലെയാണ് അതേസ്ഥലത്ത് മാലിന്യം കുഴിച്ചുമൂടുന്നത്. ഹൈക്കോടതി വിധി ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കെ ആർ ജയചന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version