തൃക്കാക്കര: ആഴ്ചകളായി തൃക്കാക്കര നഗരസഭയിൽ കൂട്ടിയിട്ടിരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ നടന്ന കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തു. നഗരസഭയിലെ 43 ഡിവിഷനുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യങ്ങളാണ് നഗരസഭാ ഓഫീസിന് പരിസരത്ത് ചീഞ്ഞളിഞ്ഞു പുഴുവരിക്കുന്ന അവസ്ഥയിൽ കുമിഞ്ഞുകൂടി കിടക്കുന്നത്.
ഓഫീസ് ആവശ്യങ്ങൾക്കായി വരുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ഈ മാലിന്യ കൂമ്പാരത്തിന് സമീപത്തുകൂടി സഞ്ചരിക്കുന്നത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ മാലിന്യനീക്കം മുടങ്ങിയിരിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. മൂക്ക് പൊത്താതെ നഗരസഭ ഓഫീസിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പ് മാലിന്യമുക്ത നഗരസഭ എന്ന പ്രഖ്യാപനം കളക്ടർ നടത്തിയതിന് പിന്നാലെയാണ് ഈ ദുരവസ്ഥ.
മാലിന്യനീക്കം നിലച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ ഹരിത കർമ്മ സേനാംഗങ്ങൾ പണിമുടക്കി. നഗരസഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കെ യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ മാലിന്യ വിഷയം ഉയർത്തി പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്.
