കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വോട്ടർപട്ടികയിൽ നിന്ന് കൂട്ടത്തോടെ വോട്ടുനീക്കാൻ വോട്ടർമാർ അറിയാതെ പല പേരുകളിൽ അപേക്ഷ. പലരും ഇവിടത്തെ താമസക്കാരല്ല, അനധികൃതമായിട്ടാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് എന്നിങ്ങനെ കാരണങ്ങൾ നിരത്തിയാണ് അപേക്ഷ.
എന്നാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാനിറങ്ങിയ നഗരസഭ ഞെട്ടി. 120-ഓളം വോട്ടർമാരെ വെട്ടാൻ വാർഡിൽ താമസിക്കുന്ന ആളുകളുടെ പേരുകൾ ഉപയോഗിച്ച് വ്യാജൻമാരാണ് അപേക്ഷ നൽകിയത്. വോട്ടർമാരെ നീക്കാൻ തങ്ങൾ പരാതി നൽകിയിട്ടില്ലെന്ന് യഥാർഥ ആളുകൾ വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
ഇതോടെ നഗരസഭ അപേക്ഷകൾ തള്ളി. തൃക്കാക്കര നഗരസഭയിലെ ഹെൽത്ത് സെന്റർ (32), അത്താണി (30) എന്നീ വാർഡുകളിലെ 120-ഓളം വോട്ടുകൾ കൂട്ടത്തോടെ നീക്കാനാണ് വ്യാജൻ ശ്രമിച്ചത്. ഈ വാർഡുകളിലെ വോട്ടർപട്ടികയിലുള്ളവരുടെ പേരും മേൽവിലാസവും ക്രമനമ്പറും സംഘടിപ്പിച്ചാണ് ഇവരുടെ പേരിൽ തട്ടിപ്പുകാർ അപേക്ഷ സമർപ്പിച്ചത്.
ഹെൽത്ത് സെന്റർ വാർഡിലെ അറുപത് വോട്ടർമാരെയും അത്താണി വാർഡിലെ 60 വോട്ടർമാരെയും പട്ടികയിൽനിന്ന് നീക്കാൻ അപേക്ഷ നൽകി. നഗരസഭ അന്വേഷണം തുടങ്ങിയതോടെ തങ്ങൾ ആരുടെവോട്ടും നീക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും വ്യാജ അപേക്ഷകനെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി യാഥാർഥ ആളുകൾ രംഗത്തെത്തി.
സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ നിലവിലുള്ള വോട്ടർമാരെ ആ വാർഡുകളിൽനിന്നും മാറ്റേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കൂടാതെ വോട്ടർമാരെ നീക്കാൻ അപേക്ഷ നൽകിയ വ്യാജനെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ പോലീസിന്റെ സഹായവും നഗരസഭ തേടും.
ഹെൽത്ത് സെന്റർ വാർഡിനായി സിപിഎം-സിപിഐ തർക്കം രൂക്ഷമായിരിക്കേ, കൂട്ടത്തോടെ വോട്ടുകൾ വെട്ടാൻ വ്യാജൻ ഇറങ്ങിയതും നഗരസഭയിൽ ചൂടേറിയ ചർച്ചാവിഷയമായി. അതിനിടെ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച അഞ്ചുപേരിൽ നാലുപേർ ഇക്കുറിയും മത്സരരംഗത്തുണ്ട്.
കഴിഞ്ഞ യുഡിഎഫ് ഭരണത്തെ പിന്തുണച്ചതിനാൽ അബ്ദു ഷാന, വർഗീസ് പ്ലാശ്ശേരി എന്നിവർ കോൺഗ്രസ് സീറ്റ് നൽകുമെന്ന പ്രതീക്ഷയിലാണ്. ഇതിനായി കഴിഞ്ഞ ദിവസം വർഗീസ് പ്ലാശ്ശേരി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും കൗൺസിലർ സ്ഥാനവും രാജിവെച്ചിരുന്നു. സ്വതന്ത്ര കൗൺസിലർ പാർട്ടിയിൽ ചേർന്നാൽ കൂറുമാറ്റ നിരോധനനിയമം ബാധകമാകുമെന്നതിനാലാണ് രാജിവെച്ചത്. എന്നാൽ അബ്ദു ഷാന സീറ്റ് ഉറപ്പിച്ചശേഷം രാജിവെയ്ക്കാനാണ് തീരുമാനം.
വർഗീസ് കെന്നഡിമുക്കിലും അബ്ദു തലക്കോട്ടുമൂല വാർഡിലും മത്സരിക്കാനാണ് ഒരുങ്ങുന്നത്. മറ്റൊരു സ്വതന്ത്ര കൗൺസിലറായ പി.സി. മനൂപ് എൽഡിഎഫ് സ്വതന്ത്രനായി ഹെൽത്ത് സെന്റർ വാർഡിൽ മത്സരിക്കാനാണ് നോക്കുന്നത്. മറ്റൊരു സ്വതന്ത്ര കൗൺസിലറായ ഇ.പി. കാദർകുഞ്ഞ് വീണ്ടും സ്വതന്ത്രനായി രംഗത്തിറങ്ങാനാണ് കച്ചമുറുക്കിയിരിക്കുന്നത്.
