നാഗ്പുർ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരേ വിദർഭ മികച്ച ലീഡിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ് വിദർഭ. അവർക്കിപ്പോൾ 286 റൺസ് ലീഡായി. 132 റൺസോടെ കരുൺ നായരും ക്യാപ്റ്റൻ അക്ഷയ് വദ്കറുമാണ് (4) ക്രീസിൽ. ഒരുദിവസംമാത്രം ശേഷിക്കേ, കേരളത്തിന് മത്സരത്തിലേക്ക് തിരിച്ചുവരവ് ദുഷ്കരമാണ്.ഒരു ഘട്ടത്തിൽ രണ്ടിന് ഏഴു റൺസെന്ന നിലയിൽ പതറിയ വിദർഭയെ ഒന്നാം ഇന്നിങ്സിലെന്ന പോലെ ഒന്നിച്ച മാലേവർ – കരുൺ നായർ സഖ്യമാണ് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി രക്ഷിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 182 റൺസിന്റെ കൂട്ടുകെട്ടാണ് വിദർഭയെ മത്സരത്തിൽ പിടിമുറുക്കാൻ സഹായിച്ചത്. ഒടുവിൽ 60-ാം ഓവറിൽ മാലേവറിനെ പുറത്താക്കി അക്ഷയ് ചന്ദ്രനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 162 പന്തുകൾ നേരിട്ട് അഞ്ചു ബൗണ്ടറിയടക്കം 73 റൺസെടുത്താണ് മാലേവർ പുറത്തായത്. പിന്നാലെ യഷ് റാത്തോഡിനെ (24) ആദിത്യ സർവാതെ പുറത്താക്കി.
നേരത്തേ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ വിദർഭയുടെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി കേരളം നന്നായി തുടങ്ങിയിരുന്നു. പാർഥ് രേഖാഡെ (1), ധ്രുവ് ഷോറെ (5) എന്നിവരാണ് പുറത്തായത്.ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ പാർഥ് രേഖാഡെയുടെ കുറ്റി തെറിപ്പിച്ച് ജലജ് സക്സേനയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മൂന്നാം ഓവറിൽ ഷോറെയെ നിധീഷ്, അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു. വിദർഭ പ്രതിരോധത്തിലായെന്ന ഘട്ടത്തിൽ പക്ഷേ മാലേവർ – കരുൺ സഖ്യം രക്ഷയ്ക്കെത്തി. ഇതിനിടെ വ്യക്തിഗത സ്കോർ 31-ൽ നിൽക്കേ കരുണിനെ ഏദൻ ആപ്പിൾ ടോമിന്റെ പന്തിൽ സ്ലിപ്പിൽ അക്ഷയ് ചന്ദ്രൻ കൈവിട്ടതും കേരളത്തിന് തിരിച്ചടിയായി.വിദർഭയോട് ഒന്നാം ഇന്നിങ്സിൽ കേരളം 37 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 379 റൺസ് പിന്തുടർന്ന കേരളം 342-ന് പുറത്തായി. മൂന്നിന് 131 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് 235 റൺസ് കൂട്ടിച്ചേർക്കാനേ ആയുള്ളൂ.