കാക്കനാട്: അശാസ്ത്രീയമായി നിർമിച്ച മെഡിക്കൽ കോളജ് റോഡിലെ നിരപ്പ് വ്യത്യാസം അപകടകെണിയൊരുക്കുന്നു. കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് പ്രധാനകവാടത്തിന് സമീപം റോഡിലെ നിരപ്പ് വ്യത്യാസമാണ് ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണിയാവുന്നത്. റോഡ് എച്ച്.എം.ടി ജങ്ഷൻ മുതൽ മണലിമുക്ക് വരെ വൈറ്റ് ടോപ്പ് കോൺക്രീറ്റ് ചെയ്തതാണ്. എന്നാൽ, അപകടമേഖലയായ ഭാഗത്ത് റോഡിലെ ഭാഗം കട്ടവിരിച്ചത് താഴ്ന്ന നിലയിലാണ്. രണ്ട്, മൂന്ന് ഇഞ്ച് വരെ പ്രധാനറോഡുമായി ഉയരവ്യത്യാസമുണ്ട്. ഇത് ഇരുചക്രവാഹന യാത്രക്കാർ തെന്നിമറിയുന്നതിന് കാരണമാകുന്നു.
കഴിഞ്ഞ ദിവസം കാറുമായി ഇടിച്ച സ്കൂട്ടർ യാത്രക്കാരി തൃക്കാക്കര മുണ്ടംപാലം ചൂരക്കെട്ടായിമൂലയിൽ ഷെമീറിൻ്റെ ഭാര്യ ബുഷറ(40) ഇത്തരത്തിൽ റോഡിൽ തെന്നി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതാണെന്ന് പറയുന്നു. പൊതുമരാമത്ത് റോഡാണെങ്കിലും റോഡരികിൽ കിൻഫ്ര കട്ടവിരിച്ച് വീതി കൂട്ടിയതാണ്. കട്ടവിരിച്ച സമയം ഒരേ നിരപ്പായിരുന്നെങ്കിലും പിന്നീട് ആ ഭാഗം ഇരുത്തം വന്നിരിക്കുകയാണ്. കൂടാതെ വർഷക്കാലത്ത് കട്ടവിരിച്ച ചില ഭാഗങ്ങളിൽ ടയർ തെന്നുന്നുമുണ്ട്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.