കാക്കനാട്: ആംബുലൻസിന്റെ മുന്നിൽ വഴിമുടക്കി സ്കൂട്ടർ ഓടിച്ച യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 7000 രുപ പിഴയും ഈടാക്കി. ആറുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതായി എറണാകുളം ആർ.ടി.ഓ കെ. മനോജ് പറഞ്ഞു. കൈയ്ക്ക് ഗുരുതര പരിക്കേറ്റ രോഗിയെ ആലുവയിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്ന ആംബുലൻസിനെയാണ് കർണാടക ഹൊസൂർ സ്വദേശിനിയായ യുവതി കടത്തി വിടാതിരുന്നത്. കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് മുന്നിൽ നിന്ന് ഇവർ വഴി മാറിയില്ല.സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ആംബുലൻസിന്റെ മുൻ സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സൈറൺ മുഴക്കി വന്ന ആംബുലൻസ് നിരന്തരം ഹോൺ അടിച്ചിട്ടും സ്കൂട്ടർ സൈഡ് ഒതുക്കിയില്ലെന്നായിരുന്നു പരാതി.യുവതി ആർ.ടി.ഒക്ക് എഴുതി നൽകിയ വിശദീകരണ കുറിപ്പിൽ ഭീതിജനിപ്പിക്കുംവിധം സൈറൻ മുഴക്കി വന്ന ആംബുലൻസിൻ്റെ മുന്നിൽപ്പെട്ട തോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽപ്പെട്ടുപോയെന്നും മനസിൻ്റെ നിയന്ത്രണം കൈവിട്ടുപോയെന്നും പറയുന്നു. കർണാടകയിൽ മെഡിക്കൽ ആംബുലൻസുകൾക്ക് വഴിയൊരുക്കാൻ പ്രത്യേകം സംവിധാനമുണ്ട്.ആംബുലൻസ് കടന്നു വരുന്ന വഴികളിലും രോഗിയുമായി പോകേണ്ട ആശുപത്രി വരെയും ആംബുലൻസിനു മുന്നിൽ പൊലീസ് വാഹനം ഉണ്ടാവുമെന്നും യുവതി. പേരും വിലാസവും പ്രസിദ്ധപ്പെടുത്തരുതെന്ന് യുവതി ആവശ്യപ്പെട്ടതായും ആർടിഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version