കാക്കനാട് കലക്ടറേറ്റിലെ ഫെയർ കോപ്പി വിഭാഗത്തിലെ ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയിൽ പൂച്ച മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇതേ സെക്ഷനിലെ ജീവനക്കാരറിയാതെ അലമാരക്കുള്ളിൽ കടന്ന പൂച്ച ടൈപ്പിംഗ് സെക്ഷനിലെ അലമാരയിലെ ഫയലുകൾക്കിടയിലാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. വല്ലപ്പോഴുമൊക്കെ തുറക്കുന്ന അലമാരയിൽ പൂച്ച എങ്ങനെ കയറിപറ്റിയെന്നാണ് ജീവനക്കാർ പറയുന്നത്. സുഖപ്രസവത്തിനു ശേഷം കുഞ്ഞുങ്ങളുമായി കഴിയുന്ന പൂച്ചയുടെ അടുത്തേക്ക് ചെല്ലാൻ ജീവനക്കാർക്കും ഭയമാണ്. തള്ളപൂച്ചയുടെ മുരൾച്ചയും ചീറ്റലും മൂലം വെറുതെ കടിയും മാന്തലും വാങ്ങണ്ടാ എന്ന തീരുമാനത്തിലാണ് ജീവനക്കാർ. കുഞ്ഞുങ്ങളുമായി തള്ളപ്പൂച്ച പുറത്തേക്കു പോവും വരെ അലമാര ഈറ്റില്ലമാക്കി പൂച്ചയും കുട്ടിപൂച്ചകളും കഴിഞ്ഞോട്ടെയെന്നാണ് ഇക്കാര്യത്തിൽ ജീവനക്കാരുടേയും നിലപാട്.