കൊച്ചി : തൊട്ടതെല്ലാം പൊന്നാക്കുന്ന സ്വഭാവമാണ് പി എ മുക്താർ എന്ന മുൻ വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡൻ്റേത്. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ജമാഅത്ത് ഹയർ സെക്കൻ്ററി സ്ക്കൂൾ മാനേജർ തലം വരെ ഇതിന് നേരിട്ടുളള ഉദാഹരണമാണ്. ഇത്തവണ കീഴ്മാട് ഡിവിഷനിലൂടെ ജില്ലാ പഞ്ചായത്തിലേക്ക് എത്താനുളള പ്രചരണം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ നിന്ന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.എ മുക്താർ ജില്ലാ കളക്ടർ പ്രിയങ്ക മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആലുവ എംഎൽഎ അൻവർ സാദത്ത്, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി, മൈനോരിറ്റി കോൺഗ്രസ് സംസ്ഥാന ചെയർമാൻ ടി എം സെക്കീർ ഹുസൈൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എൻ വി സി അഹമ്മദ്, ഡിസിസി സെക്രട്ടറി സുധീർ പി.എ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഷ്റഫ് തേനൂർ, മുസ്ലിം പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ നൗഷാദ്, സീനിയർ കോൺഗ്രസ് നേതാവ് തോപ്പിൽ അബു, ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹിം, യൂത്ത് കോൺഗ്രസ് നേതാവ് രാംലാൽ എന്നിവർ സന്നിഹിതരായിരുന്നു.
എടത്തല അൽ അമീൻ കോളേജിൽ വച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന പി എ മുക്താറിന് വിദ്യാർത്ഥി യുവജന സംഘടന പ്രവർത്തനങ്ങളിലൂടെ നാട്ടിലെ സാധാരണക്കാരുടെ വിഷയങ്ങളിൽ ജനകീയ ഇടപെടലുകൾ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വെങ്ങോലയിലേയും പെരുമ്പാവൂരിലേയും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമാണ്.
വെങ്ങോല ഗ്രാമപഞ്ചായത്ത് അംഗം, വൈസ് പ്രെസിഡന്റ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഇദ്ദേഹം വൈസ് പ്രസിഡന്റായിരുന്ന കാലത്തെ ശമ്പളം മുഴുവനും നാട്ടിലെ വിധവകൾക്ക് ഒരു പെൻഷൻ പോലെ നൽകി മാതൃക കാണിച്ചു. ഈ കാലയളവിൽ ഏറ്റവും മികച്ച ജനപ്രധിനിധിക്കുള്ള ബഹുജൻ സാഹിത്യ അക്കാദമിയുടെ ഡോക്ടർ ബി ആർ അംബേദ്ക്കർ പുരസ്ക്കാരം ലഭിച്ചു. കൂടാതെ എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന തണ്ടേക്കാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിന്റെ മാനേജരായും സേവനമനുഷ്ഠിച്ചു വരികയാണ്.
