ചേരാനല്ലൂരിൽ തെങ്ങു വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.കാക്കനാട് തുതിയൂർ വെളുത്തപ്പാറ രവീന്ദ്രനാഥ് (48) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് 12ന് ആയിരുന്നു സംഭവം. ഇടയക്കുന്നം റോബോട്ട് കോളനിയിലുള്ള ബൈജുവിൻ്റെ വീട്ടിൽ ഇലക്ട്രിക് വാൾ ഉപയോഗിച്ച് തെങ്ങുമുറിക്കുന്നതിനിടെ വാൾ നീന്ത്രണം തെറ്റി രവിന്ദ്രനാഥിൻ്റെ കഴുത്തിൽ കൊള്ളുകയായിരുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് ചോര വാർന്ന് അധിക സമയം തെങ്ങിൽ തൂങ്ങി കിടന്ന രവിന്ദ്രനാഥിനെ അഗ്നിരക്ഷാസേന എത്തിയാണ് താഴെ ഇറക്കിയത്.സാധാരണ ഗോവണി ഉപയോഗിച്ച് താഴെ ഇറക്കാൻ അഗ്നിരക്ഷാസേന നടത്തിയ ആദ്യ ശ്രമം വിജയിച്ചില്ല. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്കഫോൾഡ് ഉപയോഗിച്ച് താൽക്കാലിക സംവിധാനം കെട്ടി പൊക്കിയാണ് താഴെ ഇറക്കിയത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഞായർ ഉച്ചക്ക് 2ന് കാക്കനാട് അത്താണി പൊതു ശ്മശാനത്തിൽ.ഭാര്യ: സൗമ്യ. മക്കൾ: ജ്യോതിർനാഥ് മാധവ്, രേണുക തീർത്ഥലക്ഷ്മി.