കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണക്കായ എറിഞ്ഞ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെയും ആറ് വിദ്യാർഥികൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജുവനൽ ആക്ട് പ്രകാരം കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

നായ്കുരണക്കായ എറിയുന്നതിന് മുൻപ് ഇതേ വിദ്യാർത്ഥികൾ തന്നെ ഡെസ്ക്ക് ഉപയോഗിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വിദ്യാർത്ഥിനി പൊലീസിനോട് പരാതി ഉന്നയിച്ചു. സംഭവമുണ്ടായ ശേഷം പിന്തുണ നൽകാതെ ക്ലാസിലിരിക്കാൻ നിർബന്ധിച്ചുവെന്നതാണ് അധ്യാപകർക്ക് നേരെ ഉന്നയിച്ച പരാതി. ബോധപൂർവ്വവമുള്ള ഉപദ്രവിക്കൽ എന്ന കുറ്റമാണ് ഇവർക്കെല്ലാവർക്കും എതിരെ ചുമത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ പെൺകുട്ടി. മോഡൽ എക്സാം പോലും കുട്ടിക്ക് എഴുതാനായില്ല. ഇതു ചെയ്ത വിദ്യാർഥിനികളുടെ പേരിൽ സ്കൂൾ അധികൃതരോ, പോലീസോ കൃത്യമായ നടപടി സ്വീകരിക്കാത്തത് പെൺകുട്ടിക്കും കുടുംബത്തിനും പ്രയാസം ഇരട്ടിയാക്കി. മൂത്രാശയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഏറെ ബുദ്ധിമുട്ടിലായ പെൺകുട്ടിയെ, ഹാജരില്ലെങ്കിൽ പരീക്ഷയെഴുതാനാവില്ലെന്നു പറഞ്ഞ് നിർബന്ധിച്ച് ക്ലാസിലിരുത്താനുള്ള ശ്രമം നടന്നതായി കുട്ടിയുടെ അമ്മ ആരോപിച്ചു. ഫെബ്രുവരി മൂന്നിന് നടന്ന സംഭവത്തിൽ 17-ന് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരേ കാര്യമായ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അവർ പറയുന്നതെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.

നായ്ക്കുരണപ്പൊടി പ്രയോഗത്തിൽ വിദ്യാർഥിനിക്ക് ദുരിത ജീവിതമാണ് നയിക്കേണ്ടി വന്നിരിക്കുന്നത്. കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബോർഡ് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് വിദ്യാർഥിനി. സംഭവദിവസം നായ്ക്കുരണപ്പൊടി ദേഹത്ത് വീണ് ചൊറിച്ചിൽ സഹിക്കാനാവാതെ ബാത്റൂമിൽ നിന്ന് താൻ കരയുമ്പോൾ സഹപാഠികൾ പുറത്ത് നിന്ന് ചിരിക്കുകയായിരുന്നുവെന്ന് വേദനയോടെ ഓർത്തെടുക്കുകയാണ് പെൺകുട്ടി. സ്വകാര്യ ഭാഗങ്ങളിൽ വരെ ചൊറിച്ചിലും അസ്വസ്ഥതയും മൂലം കടുത്ത ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലൂടെയാണ് ഈ പെൺകുട്ടി കടന്നു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version