സമഗ്ര മേഖലകളിലും സമ്പൂർണ വികസനം എന്ന ആശയവുമായി തൃക്കാക്കര നഗരസഭയിൽ 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള 187.97 കോടി രൂപയുടെ ബജറ്റ് നഗരസഭാ വൈസ് ചെയർമാൻ അബ്ദു ഷാന അവതരിപ്പിച്ചു. ബജറ്റിൽ173.71 കോടി രൂപ ചെലവും 14.26 കോടി രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്നു.മാലിന്യ നിർമ്മാർജനത്തിനും കുടിവെള്ളം, ആരോഗ്യം, പാർപ്പിടം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ വികസനത്തിനും തുക നീക്കിവച്ചുള്ള ബജറ്റാണ് വെള്ളിയാഴ്ച കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചത്. ക്ഷീര, മൽസ്യ മേഖലകളിൽ കൂടുതൽ പദ്ധതികൾ വരുന്ന സാമ്പത്തിക വർഷം മുതൽ നടപ്പാക്കും.റോഡ് ഗതാഗതം, കുടിവെള്ളം, മാലിന്യ നിർമ്മാർജനം,ബഡ്സ് സ്കൂൾ,പുതിയ ടൗൺഹാൾ, സ്പോർട്സ് സമുച്ചയം, ശ്മശാന നവീകരണം, സോളാർസിറ്റി, ഇടച്ചിറയിൽ കമ്മ്യൂണിറ്റിഹാൾ, വനിതാ സ്വയംതൊഴിൽ, ഭവന നിർമ്മാണം, ആരോഗ്യ മേഖല വികസനം, ആശവർക്കർമാർക്ക് യൂണിഫോം, ഇടച്ചിറയിൽ ഫ്ലോട്ടിംഗ് റസ്റ്ററൻ്റ്, വിശപ്പുരഹിത തൃക്കാക്കര,നിലാവ് പദ്ധതി, മൈക്രോ ലവൽ കുടിവെള്ള വിതരണം തുടങ്ങി ഒട്ടേറെ വികസനപദ്ധതികൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്.ബയോ കമ്പോസ്റ്റർ, തുമ്പൂർമുഴി, റിംഗ് കമ്പോസ്റ്റ്, മിനി എം.സിഎഫ് മാതൃകയിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള മാലിന്യ സംസ്കരണത്തിന് ഗ്രീൻപാർക്ക് പദ്ധതി പ്രകാരം മാലിന്യ നിർമ്മാർജനം ഉറപ്പുവരുത്താൻ കഴിയുന്ന പദ്ധതിക്കായി 6 കോടി രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കടമ്പ്രയാർ,ചിത്രപ്പുഴ,ഇടച്ചിറ ജലാശയങ്ങളെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിഫ്ലോട്ടിംഗ്റസ്റ്ററൻ്റുകളുടെ പ്രവർത്തനത്തിനു അടുത്ത സാമ്പത്തിക വർഷത്തിൽ തന്നെ തുടക്കം കുറിക്കും. ഇൻ ഫോപാർക്കിനു സമീപമുള്ള ഇടച്ചിറ തോടു മുതൽ ബ്രഹ്മപുരം പാലം വരെ കടമ്പ്രയാർ തീരങ്ങൾ സംരക്ഷണ ഭിത്തി കെട്ടി മോടികൂട്ടിയും, നടപ്പാതകളിൽ ടൈൽ വിരിച്ചുംഅലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിച്ചും ഐ ടി പ്രൊഫഷണലുകൾ അടക്കമുള്ളവരേയും വിദേശികളേയും നദീതട ടൂറിസത്തിലേക്ക് ആകർഷിക്കാൻ ഒരു കോടിയുടെ പദ്ധതിക്കു പുറമേ ഫ്ലോട്ടിംഗ്റസ്റ്ററൻ്റിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളുടെ അറ്റകുറ്റപ്പണി, വിവാഹ ധനസഹായം, കുട്ടികളുടെ പഠന സൗകര്യങ്ങൾക്കായി പഠനമുറി, സ്കോളർഷിപ്പുകൾ, ജലസംഭരണികൾ സ്ഥാപിച്ച് കുടിവെള്ളം ഉറപ്പുവരുത്തൽ, വൃദ്ധർക്കു കട്ടിലുകൾ കോളനികളുടെ നവീകരണം എന്നിവക്കായി 3,07,75000 രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.