തൃക്കാക്കര: തൃക്കാക്കര നഗരസഭ കഴിഞ്ഞ അഞ്ചു വർഷക്കാലം നടത്തിയ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഭരണസമിതി പുറത്തുവിട്ടു. ക്ഷേമ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകിയ ഭരണസമിതി, തൃക്കാക്കരയെ അതിദാരിദ്ര്യരില്ലാത്ത നഗരസഭയായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. വികസന പ്രവർത്തനങ്ങളിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വേർതിരിവില്ലാതെയാണ് പദ്ധതികൾ നടപ്പാക്കിയത്.

നഗരസഭയിലെ അതിദരിദ്രരായി കണ്ടെത്തിയ (സ്ഥലമില്ലാത്ത വാടകയ്ക്ക് താമസിക്കുന്ന) രണ്ട് പേർക്ക് കളക്ടർ മുഖാന്തരം മൂന്ന് സെന്റ് സ്ഥലം അനുവദിച്ചു. പട്ടയത്തിന്റെ പണം നഗരസഭ അടച്ചു കഴിഞ്ഞു. ഇതോടെയാണ് തൃക്കാക്കരയെ ഭൂരഹിതരില്ലാത്ത, അതിദാരിദ്ര്യരില്ലാത്ത നഗരസഭയായി പ്രഖ്യാപിക്കുന്നത്.

കീരേലിമലയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിട്ടിരുന്ന 13 പേർക്ക് പൊയ്യച്ചിറ കുളത്തിന് സമീപം സ്ഥലം കണ്ടെത്തി വീട് നൽകി. ഇതിൽ രണ്ടുപേർ നിലവിൽ താമസിക്കുന്നുണ്ട്, ബാക്കി വീടുകളുടെ പണി പുരോഗമിക്കുകയാണ്. പുതിയതായി 10 അംഗൻവാടികൾ നിർമ്മിച്ചു. ബാക്കി ഉണ്ടായിരുന്ന 32 അംഗൻവാടികൾ സ്മാർട്ട് ആക്കി മാറ്റുകയും ചെയ്തു. പുതിയതായി പണിയുന്ന എല്ലാ അംഗൻവാടികളും എസി സൗകര്യങ്ങളോട് കൂടിയതാണ്. 430 കുട്ടികൾക്ക് പഠനത്തിനായി ടാബുകളും പഠനമുറികൾക്കായി ലാപ്ടോപ്പുകളും വിതരണം ചെയ്തു.
ആരോഗ്യ മേഖലയിലെ മുന്നേറ്റം.

65 വയസ്സ് കഴിഞ്ഞ ആളുകൾക്ക് വേണ്ടി വയോമിത്രം പദ്ധതി പ്രകാരം എല്ലാ വാർഡുകളിലും 15 ദിവസത്തേക്കുള്ള മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നു. 400-ഓളം പേർക്ക് പൂർണ്ണമായ വെപ്പുവല്ല് വെച്ചുകൊടുത്തു. വൈകല്യമുള്ളവർക്ക് അവരുടെ ഇഷ്ടമനുസരിച്ച് വീൽചെയർ, ത്രീ വീലർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകി. അഞ്ചു കൊല്ലം കൊണ്ട് മൂന്ന് വെൽനസ് സെന്ററുകൾ നഗരസഭ നടപ്പാക്കി. യുനാനി ഹോസ്പിറ്റൽ തുടങ്ങാനുള്ള നടപടികൾ തുടങ്ങി. എറണാകുളം ജില്ലയിൽ ഇല്ലാത്ത ഒരു ഹോസ്പിറ്റലാണ് ഇത്.

ജലവും അടിസ്ഥാന സൗകര്യങ്ങളും

67 മൈക്രോ ലെവൽ കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കളമശ്ശേരിയിൽ തൃക്കാക്കരയ്ക്ക് വേണ്ടി മാത്രം 3 കോടി രൂപ മുടക്കി ഒരു വാട്ടർ ടാങ്ക് നിർമ്മിച്ചു. ഇതിന്റെ പണി 100 ശതമാനം പൂർത്തിയായിട്ടില്ല. മാരിക്കോച്ചിറ എന്ന കുളം 1 കോടി രൂപ മുടക്കി നവീകരിക്കുകയും അതിന്റെ സൈഡിൽ നടപ്പാതയും ഓപ്പൺ ജിമ്മും സ്ഥാപിക്കുകയും ചെയ്തു. ഇതിനു പുറമെ മറ്റു രണ്ടു കുളങ്ങളുടെ നിർമ്മാണവും പൂർത്തിയാക്കി.

നഗരസഭയുടെ സാധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ്, റോഡ് ലൈറ്റ് തുടങ്ങിയ നിർമ്മാണങ്ങൾ നടന്നു.

ശുചിത്വം, സുരക്ഷ, തൊഴിൽ

200-ഓളം ഹരിതകർമ്മസേന അംഗങ്ങൾ ശുചിത്വ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നുണ്ട്. ഫുഡ് വേസ്റ്റ് നിക്ഷേപിക്കുന്നതിനും എംസിഎഫ് സ്ഥാപിക്കുന്നതിനുമായി 71 സെന്റ് സ്ഥലം കളക്ടർ മുഖാന്തരം അനുവദിച്ചു കിട്ടി, ഇതിന്റെ പണി ഉടൻ തുടങ്ങും. നായശല്യം പരിഹരിക്കുന്നതിനായി ആലുവയിലെ 16 ഏക്കർ സ്ഥലത്തെ എബിസി പദ്ധതിക്കായി നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ചു നായകളെ പുറത്തേക്ക് വിടാതെ സംരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പോലീസിന്റെ സഹായത്തോടെ ഒരു വാർഡിൽ മൂന്നെണ്ണം വീതം 130 ക്യാമറകൾ സ്ഥാപിച്ചു. ഈ ക്യാമറ ദൃശ്യങ്ങൾ പൗരന്മാർക്ക് മൊബൈലിൽ കാണാൻ സാധിക്കും. 400-ഓളം പേർക്ക് സ്വയംതൊഴിലിന് സഹായം നൽകിയിട്ടുണ്ട്. പ്രായമായവർക്കായി വജ്ര കലാകാരന്മാരെ ഉപയോഗിച്ച് പാട്ട്, ഡാൻസ്, കഥാപ്രസംഗം തുടങ്ങിയ കലകൾ സൗജന്യമായി അഭ്യസിപ്പിക്കുന്നു. എല്ലാ വാർഡുകളിലും സൗജന്യ യോഗ ക്ലാസുകൾ (ശനി/ഞായർ ദിവസങ്ങളിൽ) നടത്തുന്നുണ്ട്. തൃക്കാക്കരയിൽ ആദ്യമായി ഒരു ഡേ കെയർ/ക്രഷ് തുടങ്ങിയിട്ടുണ്ട്. ഈ മാസം 23-ാം തീയതി ഒരു സബ് സെന്ററിന്റെ ഉദ്ഘാടനം നടത്തും.

വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് അധികാരത്തിൽ വരുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *