കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ പത്താംക്ലാസുകാരിയായ വിദ്യാർഥിനിയുടെ ശരീരത്തിൽ സഹപാഠികളായ കുട്ടികൾ നായ്ക്കു രണകായയിൽ നിന്നും പൊടി വിതറിയതായി ചൂണ്ടിക്കാട്ടി വിദ്യാർഥിനിയുടെ മാതാവ് നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് തൃക്കാക്കര ബ്ലോക്ക് മഹിളാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.
സഹപാഠികളുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിനിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കുറ്റാരോപിതർക്ക് അനുകൂലമായി കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും പ്രതിഷേധവുമായെത്തിയ മഹിളാ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സംഭവം മറച്ചുവച്ച സ്കൂൾ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാർഥിനിയിൽ നിന്നും വീണ്ടും വിശദമായി മൊഴിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി
പരീക്ഷാകാലമായതിനാലും, പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾ തമ്മിലുളള പ്രശ്നമായതിനാലും തുടർ നടപടികൾ സ്വീകരിക്കും മുൻപ് വിദ്യാർത്ഥിനിയിൽ നിന്നും വീണ്ടും വിശദമായമൊഴി എടുക്കുമെന്നും മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് സമരക്കാരെ അറിയിച്ചു. അതേസമയം അന്വേഷണത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് ഇൻഫോപാർക്ക് ഇൻസ്പെക്ടർ സജീവ്കുമാർ പ്രതിഷേധക്കാരെ
ബോധ്യപെടുത്തി. മഹിള കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ഹസീന ഉമ്മറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡി.സി.സി. പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുനില സിബി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് റാഷിദ് ഉള്ളംപിള്ളി, മണ്ഡലം പ്രസിഡൻ്റ് സി.സി.വിജു തുടങ്ങിയവർ പങ്കെടുത്തു.