കാക്കനാട് തൃക്കാക്കര നഗരസഭ മാലിന്യ നീക്ക ത്തിൽ വൻ ക്രമക്കേട് കണ്ടത്തി. ദിനവും നാലു ടൺ വരെ മാലിന്യം കൂടുതൽ രേഖപ്പെടുത്തി പണം തട്ടുന്നുണ്ടെന്ന സംശയം ആരോഗ്യ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നഗരസഭ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് അഴിമതിക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ കൗൺസിലർമാർ അധ്യക്ഷ വേദിക്കു മുൻപിലെത്തി ബഹളം സൃഷ്ടിച്ചതോടെ യോഗം അവസാനിപ്പിച്ചു. പ്രതിദിനം നഗരസഭ പരിധിയിൽ നിന്ന് 8-9 ടൺ ജൈവ മാലിന്യമാണ് ശേഖരിച്ചു സ്വകാര്യ ഏജൻസിക്ക് കൈമാറുന്നത്. ഇതു ഫയലിലും ബില്ലിലും 12-13 ടൺ എന്നു രേഖ പ്പെടുത്തിയാണ് നഗരസഭഫണ്ടിൽ നിന്ന് അധിക തുക എടുക്കുന്നതത്രെ. കിലോഗ്രാമിന് 3.80 രൂപ സ്വകാര്യ ഏജൻസിക്ക് നൽകിയാണ് ജൈവ മാലിന്യം നീക്കുന്നത്.5 മാസം മുൻപാണ് ബില്ലിലെ കൃത്രിമം ആദ്യം കണ്ടെത്തുന്നത്.
ഇതു വിവാദമായതോടെ നിത്യേന കൈമാറുന്ന മാലിന്യത്തിന്റെ അളവ് ഫയലിലും ബില്ലിലും 8-9 ടണ്ണായി കുറഞ്ഞു. 5 മാസം മുൻപു വരെ ഇതു 12-14 ടണ്ണായിരുന്നു. മാലിന്യം നീക്കുന്ന വാഹനങ്ങളുടെ നമ്പർ ബില്ലിൽ രേഖപ്പെടുത്തിയിരുന്നതും സംശയാ സ്പദമായിരുന്നു. മാലിന്യം ഏറ്റെടുക്കുന്ന ഏജൻസിക്ക് കിലോഗ്രാമിന് 70 പൈസ കൂട്ടിക്കൊടു ക്കണമെന്ന നിർദേശം ആരോഗ്യ സ്ഥിര സമിതിയുടെ അംഗീകാരമില്ലാതെ കൗൺസിലിൽ അജൻഡയാക്കിയതും പ്രതിപക്ഷം എതിർത്തു.