തൃക്കാക്കര : തൃക്കാക്കര നഗരസഭ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായി. കുറച്ചുനാൾ മുമ്പ് വരെ ചില പ്രദേശങ്ങളിൽ മാത്രമായിരുന്നു.  എന്നാൽ ഇപ്പോൾ തൃക്കാക്കര നഗരസഭയുടെ മുഴുവൻ പ്രദേശത്തും തെരുവ് നായ്ക്കൾ വിലസുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ തെരുവുനായ്ക്കളെ ഭയന്നാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്. റോഡരികിൽ കുന്നു കൂടുന്ന മാലിന്യകൂമ്പാരങ്ങളിൽ തെരുവ് നായ പെറ്റു പെരുകി നാട്ടുകാർക്കും യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവാകുകയാണ്. തിരക്കേറിയ പല ജങ്‌ഷനുകളിലും തെരുവു നായകൾ റോഡിലിറങ്ങി വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം സൃഷ്ടിക്കുന്നതും പതിവാകുന്നു. നാളുകൾക്കു മുൻപ് വരെ മാലിന്യ കൂമ്പാരങ്ങൾ ഉള്ള പ്രദേശങ്ങളിൽ മാത്രമാണ് തെരുവ് നായ്ക്കൾ താവളമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പല പ്രദേശങ്ങളിലും തെരുവുനായകൾക്കായി റോഡ് അരികിൽ ഭക്ഷണവുമായി എത്തുന്ന മൃഗ സ്നേഹികളുടെ എണ്ണം വർദ്ധിച്ചതോടെ തൃക്കാക്കരയുടെ പല പ്രധാന സ്ഥലങ്ങളിലും തെരുവ് നായ്ക്കൾ വർദ്ധിച്ചിരിക്കുകയാണ് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരെയും ആക്രമിക്കുന്നു . അതി രാവിലെ നടക്കാനും ഓടാനും പോകുന്നവർ, പത്ര വിതരണക്കാർ, ആരാധനാലയങ്ങളിൽ പോകുന്നവർ തുടങ്ങി തെരുവുനായ്ക്കളുടെ ശല്യം മൂലം പൊറുതിമുട്ടുകയാണ്. കൂടുതലായി ഫുഡ് ഡെലിവറിക്ക് പോകുന്ന ടൂവീലർ യാത്രക്കാരാണ് ഇരകൾ. വളർത്തു മൃഗങ്ങളെയും, വീട്ടിൽ വളർത്തുന്ന നായ്ക്കളെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. തെരുവ് നായ ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ തൃക്കാക്കര നഗരസഭാ ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതിക്ക്‌ ഇനിയും ആയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *